തിരുനെല്‍വേലി: തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ അമ്മായിയമ്മയെ കൊലപ്പെടുത്തിയ കേസില്‍ 28 കാരിയായ യുവതി അറസ്റ്റില്‍.കുടുംബവഴക്കിനെ തുടര്‍ന്നാണ് യുവതി തന്റെ അമ്മായിയമ്മയെ കൊലപ്പെടുത്തിയത്. തിരുനെല്‍വേലി തല്‍ക്കരക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷണ്മുഖവേലിന്റെ ഭാര്യ രാമലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മരുമകള്‍ ആയ മഹാലക്ഷ്മിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
കൊലപാതകത്തിന് ശേഷം അന്വേഷണം വഴിതിരിച്ച് വിടുന്നതിനായി ഇവരുടെ സ്വര്‍ണമാലയും മഹാലക്ഷ്മി മോഷ്ടിച്ചു. ഭര്‍തൃമാതാവുമായുള്ള പ്രശ്നങ്ങളെത്തുടര്‍ന്ന് ഒരു വര്‍ഷം മുമ്ബ് മഹാലക്ഷ്മിയും ഭര്‍ത്താവ് രാമസ്വാമിയും രണ്ടു കുട്ടികളും മാറിത്താമസിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളിലും ഇവര്‍ തമ്മില്‍ വഴക്കുണ്ടാവുകയും തുടര്‍ന്ന് മഹാലക്ഷ്മി അമ്മായിയമ്മയെ കൊലപ്പെടുത്താൻ പദ്ധതി ഇടുകയുമായിരുന്നു.
ഇന്നലെ പുലര്‍ച്ചെ ഹെല്‍മറ്റും ജാക്കറ്റും ധരിച്ചു പുരുഷ വേഷത്തിലെത്തിയാണ് ആക്രമണം നടത്തിയത്. കൊലപാതകം നടന്ന ശേഷവും മഹാലക്ഷ്മി പൊലീസിന് മുന്നില്‍ നാടകം കളിച്ചു. എന്നാല്‍, സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചപ്പോള്‍ സത്യാവസ്ഥ വെളിപ്പെടുകയും തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ മഹാലക്ഷ്മി കുറ്റം സമ്മതിക്കുകയുമായിരുന്നു.