ഈറോഡ്: പത്ത് രൂപക്ക് പന്തയം വെച്ച് തിരക്കേറിയ റോഡില്‍ കുളിക്കാനിറങ്ങിയ 24 കാരന് കിട്ടിയത് എട്ടിന്റെ പണി. തമിഴ്നാട്ടിലെ തിരക്കേറിയ റോഡിലാണ് 24 കാരനായ ഫാറൂഖ് എന്നയാള്‍ കുളിക്കാനിറങ്ങിയത്. ഈറോഡിലെ പനീര്‍ശെല്‍വം പാര്‍ക്കിലെ തിരക്കേറിയ ജംങ്ഷനില്‍ കുളിക്കുന്ന വീഡിയോയും ഇയാള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തു. വീഡിയോ ശ്രദ്ധയില്‍പ്പെട്ട പൊലീസാണ് യുവാവിന് 3500 രൂപ പിഴ ഈടാക്കിയത്.
കഴിഞ്ഞ ഞായറാഴ്ചയാണ് തിരക്കേറിയ ജംങ്ഷനിലെ റോഡിലായിരുന്നു ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ഫാറൂഖ് വെള്ളം ദേഹത്തേക്ക് ഒഴിച്ചത്. കണ്ടുനിന്നവര്‍ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ ചൂട് സഹിക്കാൻ വയ്യാത്തത് കൊണ്ട് കുളിക്കുകയാണെന്ന് മറുപടി നല്‍കിയത്. ഇതെല്ലാം വീഡിയോ എടുക്കുകയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് യുവാവില്‍ നിന്ന് പിഴ ഈടാക്കിയതെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് ജി ജവഹര്‍ ടൈംസ് നൗവിനോട് പറഞ്ഞു.
പിഴ ഈടാക്കാന്‍ ട്രാഫിക് പൊലീസിന് എസ്പി നിര്‍ദേശം നല്‍കുകയായിരുന്നു. തിങ്കളാഴ്ചയാണ് ഫാറൂഖിന് പിഴ ചുമത്തിയത്. സോഷ്യല്‍ മീഡിയയിലെ ലൈക്കിനും പ്രശസ്തിക്കും വേണ്ടിയാണ് ഇത് ചെയ്തതെന്നാണ് യുവാവിന്റെ വിശദീകരണം. ഇനി ഇത്തരത്തിലുള്ള ബുദ്ധിശൂന്യമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്കി. ആരെങ്കിലും ഈ മുന്നറിയിപ്പുകള്‍ ലംഘിച്ചാല്‍ അവര്‍ക്കെതിരെ കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു.