ചെന്നൈ: ദുബായിൽ നിന്ന് ചെന്നൈയിലെത്തിയ യുവാവിനെ ദുരൂഹസാഹചര്യത്തിൽ കാണാതായി. കോവിലമ്പാക്കം സ്വദേശി മണികണ്ഠനെയാണു(35) കാണാതായത്. 2 വർഷമായി ദുബായിൽ ജോലി ചെയ്തിരുന്ന ഇയാൾ തിങ്കളാഴ്ച പുലർച്ചെ ഫ്ലൈ ദുബായ് എയർലൈൻസിൽ ചെന്നൈ വിമാനത്താവളത്തിലെത്തി.രാവിലെ വീട്ടിലെത്തുമെന്ന് ഭാര്യ കാവ്യയെ അറിയിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
ഏറെ നേരം കഴിഞ്ഞിട്ടും എത്താത്തതിനെ തുടർന്ന് കാവ്യ ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും ബന്ധപ്പെടാനായില്ല. തുടർന്ന് എയർ പോർട്ട് മാനേജർക്കു പരാതി നൽകിയതോടെ നടത്തിയ പരിശോധനയിൽ മണികണ്ഠൻ പുലർച്ചെ ചെന്നൈയിലെത്തിയതായും വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് പോയതായും കണ്ടത്തി. തുടർന്നു എയർപോർട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സിസിടിവിയുടെയും മൊബൈൽ ഫോൺ സിഗ്നലുകളുടെയും സഹായത്തോടെ തിരച്ചിൽ നടത്തുകയാണ്.